ഫെയ്‌സ്ബുക്കിനും അനുബന്ധ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഹ്രസ്വ വിഡിയോ നിര്‍മ്മാണ ആപ്ലിക്കേഷന്‍ ടിക് ടോക് ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലുമായി 200 കോടി ഡൗണ്‍ലോഡ് കവിഞ്ഞു. ഇതില്‍ 30.3 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 611 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത്.

ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ മുന്നില്‍നില്‍ക്കുന്ന രണ്ടാമത്തെ മുന്‍നിര രാജ്യമാണ് ചൈന. ഇതുവരെ ചൈനയില്‍ 196.6 ദശലക്ഷം പേര്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മൊബൈല്‍ ഇന്റലിജന്‍സ് കമ്ബനിയായ സെന്‍സര്‍ ടവര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ കണക്കില്‍ രാജ്യത്തെ തേര്‍ഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് സ്റ്റോര്‍ ഇന്‍സ്റ്റാളുകള്‍ ഉള്‍പ്പെടുന്നില്ല. ഡൗണ്‍ലോഡിങ്ങില്‍ 165 ദശലക്ഷം പേരുമായി യുഎസ് ആണ് മൂന്നാം സ്ഥാനത്ത്.
ഇന്നുവരെയുള്ള ടിക് ടോക് ഡൗണ്‍ലോഡുകളില്‍ ഭൂരിഭാഗവും ഗൂഗിള്‍ പ്ലേ വഴിയാണ്. 1.5 ബില്യണ്‍ ഇന്‍സ്റ്റാളുകള്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നാണ്. മൊത്തം 75.5 ശതമാനം വരുമിത്. അതേസമയം, ആപ്പിള്‍ സ്റ്റോര്‍ വഴി 495.2 ദശലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്.
ടിക് ടോക് 1.5 ബില്യണ്‍ ഡൗണ്‍ലോഡുകള്‍ മറികടന്ന് കേവലം അഞ്ച് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ നേട്ടം കൈവരിച്ചത്. 2020 ലെ ആദ്യ പാദത്തില്‍ ഏത് അപ്ലിക്കേഷനുകളേക്കാളും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ടിക് ടോക്കിന് നേടാനായി. കോവിഡ്-19 മഹാമാരിക്കിനിടയിലാണ് ടിക് ടോക്കിന്റെ കുതിപ്പെന്നതും ശ്രദ്ധേയമാണ്
