
മുംബൈ: വാട്സ്‌ആപ്പ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. വാട്സ്‌ആപ്പിന്റെ മാതൃ സ്ഥാപനം കൂടിയായ, സാമൂഹിക മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡില്‍ 43,574 കോടി രൂപ (570 കോടി ഡോളര്‍) നിക്ഷേപിച്ചാണ് ഫെയ്‌സ്ബുക്ക് 9.99 ശതമാനം ഓഹരി സ്വന്തമാക്കിയത്.

ഓണ്‍ലൈന്‍ ഷോപ്പിങ് സേവനമായ ജിയോ മാര്‍ട്ട് ആണ് ഫേസ്ബുക്ക്- റിലയന്‍സ് പങ്കാളത്തിത്തിന്റെ ഭാഗമായുള്ള ആദ്യ മാറ്റങ്ങളുണ്ടാവുന്ന സേവനങ്ങളിലൊന്ന്. ജനുവരിയില്‍ ആരംഭിച്ച ജിയോ മാര്‍ട്ട് നിലവില്‍ നവി മുംബൈ, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
50,000 ലധികം പലചരക്ക്, എഫ്‌എംസിജി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് വഴി ലഭ്യമാവുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഡെലിവറി ചാര്‍ജ് ഈടാക്കില്ല, കുറഞ്ഞ ഓര്‍ഡര്‍ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് ഉല്‍പന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോ മാര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങള്‍.
മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാള്‍ മികച്ച ഓഫറുകളാണ് തങ്ങള്‍ ലഭ്യമാക്കുകയെന്നും വിറ്റ ഉല്‍പന്നങ്ങള്‍ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്ബാദ്യശീലം മറ്റെന്നുമില്ലാത്ത വിധത്തില്‍ മെച്ചപ്പെടാന്‍ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോ മാര്‍ട്ട് അവകാശപ്പെടുന്നു. നിലവില്‍ വെബ് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ജിയോ മാര്‍ട്ട് ലഭ്യമായത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും.
















