തൃശ്ശൂര്‍ : റേഷന്‍കടകളില്‍നിന്ന് സഞ്ചി നിറയെ അരിയുമായി വീടുകളിലേക്ക് മടങ്ങുമ്ബോഴെങ്കിലും ഇവരെ ഓര്‍ക്കണം. നമുക്കായി രാപകലില്ലാതെ ചുമടെടുക്കുന്നവരെ, മുളങ്കുന്നത്തുകാവ് എഫ്.സി.ഐ.യിലെ തൊഴിലാളികളെ… ആന്ധ്രയില്‍നിന്നു വരുന്ന ചരക്കുതീവണ്ടികളില്‍നിന്ന് ഇവര്‍ തൃശ്ശൂരില്‍ ഒരുമാസംകൊണ്ട് ഇറക്കിയത് 18,000 ടണ്‍ ഭക്ഷ്യധാന്യമാണ്. അതായത് 50 കിലോ വീതമുള്ള മൂന്നരലക്ഷം ചാക്കുകള്‍. ഇതിലേറെയും വന്നത് ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷവും. അവിടംകൊണ്ടും തീര്‍ന്നില്ല ദിവസേന സിവില്‍ സപ്ലൈസിന്റെ നൂറ് ലോഡെങ്കിലും കയറ്റിവിടുകയും വേണം.

ബുധനാഴ്‌ച ഉച്ചയ്ക്കും ആന്ധ്രയില്‍നിന്ന് 21 വാഗണ്‍ അരി മുളങ്കുന്നത്തുകാവ് എഫ്.സി.ഐ.
ഗോഡൗണില്‍ എത്തിയിട്ടുണ്ട്. ഇതില്‍നിന്ന് ലോഡ് ഇറക്കുന്ന തിരക്കിലാണ് എഫ്.സി.ഐ.യിലെ ചുമട്ടുതൊഴിലാളികള്‍. തിരക്കോട് തിരക്കാണിവര്‍ക്ക്. ചുമട്ടുതൊഴിലാളികള്‍ മാത്രമല്ല. ഗോഡൗണ്‍ വൃത്തിയാക്കാന്‍ ശുചീകരണത്തൊഴിലാളികളുമുണ്ട്. ഇവര്‍ക്ക് പുറമേ കണക്കുകള്‍ പരിശോധിക്കുന്ന ഓഫീസര്‍മാരും.
മുളങ്കുന്നത്തുകാവ് ഗോഡൗണില്‍ 71 ചുമട്ടുതൊഴിലാളികളുണ്ട്. രാവിലെ 10 മണിമുതലാണ് സാധാരണ ഇവരുടെ ജോലിസമയം. ഇപ്പോള്‍ വാഗണുകള്‍ തുരുതുരാ വരാന്‍ തുടങ്ങിയതോടെ വെളുപ്പിന് നാലുമണിക്കേ ജോലി തുടങ്ങി. പലരും വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ഗുരുവായൂര്‍ എന്നിങ്ങനെ ജില്ലയുടെ പലഭാഗത്തുനിന്നും വരുന്നവരാണ്. പാലക്കാട്ടുനിന്ന് വരുന്ന ജോലിക്കാരുമുണ്ട്.
രാവിലെ നാലുമണിക്ക് വാഗണുകളില്‍നിന്ന് ഭക്ഷ്യധാന്യമിറക്കാന്‍ തുടങ്ങിയാല്‍ ഏഴുമണിയോടെ തീരും. ചരക്കുതീവണ്ടിയുടെ ഒരു റാക്കില്‍ (വാഗണുകളുടെ ശൃംഖല) 21 വാഗണ്‍ ആണ് ഉണ്ടാവുക. ഒരു വാഗണില്‍ 50 കിലോ വീതമുള്ള 1,260 ചാക്ക് ഭക്ഷ്യധാന്യങ്ങളുണ്ടാകും. ഇത് അതിവേഗം ഗോഡൗണില്‍ ഇറക്കും.
അപ്പോഴേക്കും റേഷന്‍കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കാന്‍ സിവില്‍ സപ്ലൈസിന്റെ കരാറെടുത്ത ലോറികള്‍ എത്തിയിട്ടുണ്ടാകും.
ദിവസേന നൂറ് ലോഡെങ്കിലും കയറ്റി അയയ്ക്കണം. ആ ജോലികള്‍ തീരുമ്ബോഴേക്കും വൈകീട്ട് അഞ്ചുമണിയെങ്കിലുമാകും. ഇതാണ് ഇപ്പോള്‍ ഇവരുടെ ഒരുദിവസം. മുമ്ബ് പ്രളയകാലത്തിനുശേഷം ഇതേ അളവില്‍ അല്ലെങ്കില്‍പോലും ഭക്ഷ്യധാന്യങ്ങളെത്തിയിരുന്നു. അപ്പോഴും വെളുപ്പാന്‍കാലത്ത് ഇവര്‍ പണി തുടങ്ങിയിരുന്നു.
ഈ ദുരിതകാലത്ത് ചോറുണ്ണുമ്ബോള്‍ ഈ തൊഴിലാളികളെയും അവരുടെ അധ്വാനത്തെയും ഓര്‍ക്കണം.
Thanks for content: madhruboomi news
